23/08/2022
ഇതും ടൂറിസം ആണ്
തോട്ടുവായ്ക്ക് ചേരുന്നത് ഇത്തരം ഒരാശയമാണ്
മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡിലൂടെ യാത്ര ചെയ്തിട്ടുള്ളവരാണ് നിങ്ങളെങ്കിൽ നാലുമണിക്കാറ്റിനേക്കുറിച്ച് അറിയാതിരിക്കില്ല കേരളത്തിലെ ആദ്യത്തെ വഴിയോര ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രം . പാലമുറി പ്രായിപ്ര ചിറയിലാണ് നാലുമണിക്കാറ്റ്. 2011 ജനുവരി 13ന് ഉദ്ഘാടനം ചെയ്യപ്പെട്ട ''നാലുമണിക്കാറ്റ് '' നാട്ടുകാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ്.
മണർകാട് ഏറ്റുമാനൂർ ബൈപ്പാസ് റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും മണര്‍കാട് കോളജിലെ സുവോളജി വിഭാഗം പ്രഫസറുമായ ഡോ പുന്നന്‍ കുര്യന്‍ വേങ്കടത്താണ് നാലുമണിക്കാറ്റ് എന്ന ആശയം അവതരിപ്പിച്ചത്.
പ്രകൃതിയുടെ സുഖകരമായ സൗന്ദര്യക്കാഴ്ചകളാണ് 'നാലുമണിക്കാറ്റ് " നിറയെ. ഇരുവശവും പാടശേഖരങ്ങളും, തെങ്ങുകളും കണ്ണിനെ കുളിരണിയിക്കുന്നു. സിമന്റിൽ തീർത്ത ചുണ്ടൻ വള്ളങ്ങളും, ഇരിപ്പിടങ്ങളും അവയ്‌ക്ക് തണലായി നിൽക്കുന്ന ചെറിയ മരങ്ങളുമാണ് നാലുമണിക്കാറ്റിന്റെ ഭംഗി.
ഉഴുന്നുവട, പരിപ്പുവട, മുട്ട ബജി, കപ്പ, ചേമ്പ്, ചേന എന്നിവ അടക്കമുള്ള നാടൻ വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ചായയും ജ്യൂസും ഇവിടെ ലഭിക്കും. ഞായറാഴ്‌ച ദിവസങ്ങളിൽ പായസവും ഒരുക്കുന്നുണ്ട്. എല്ലാവർക്കും താങ്ങാവുന്ന വിലയേ ഈടാക്കുന്നുള്ളൂ. നൂറുകണക്കിന് സന്ദർശകരാണ് വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നത്. വൈകിട്ട് നാലു മണി മുതൽ രാത്രി എട്ടു വരെയാണ് നാലുമണിക്കാറ്റിന്റെ പ്രവർത്തനം.
മനസിനെ കുളിർപ്പിക്കുന്ന പ്രകൃതിയും, രുചിയൂറുന്ന നാടൻ വിഭവങ്ങളും ചേരുന്നതോടെ നാലുമണിക്കാറ്റ് ഏതൊരു സഞ്ചാരിക്കും മനസിൽ നിറഞ്ഞു നിൽക്കുന്ന അനുഭവമാകും.