08/08/2026
ആധുനിക സാഹിത്യത്തെ, വിശേഷിച്ചും അതിലെ ജനകീയ രൂപമായ നോവലിനെ സൂക്ഷ്മമമായി പഠിക്കുന്നവർ ആശ്രയിക്കേണ്ട പ്രധാനപ്പെട്ടൊരു പുസ്തകമാണ് മിലൻ കുന്ദേരയുടെ ദി ആർട് ഓഫ് നോവൽ (നോവലിലെ കല). നോവലിനെക്കുറിച്ചുള്ള കുന്ദേരയുടെ വിചാരങ്ങൾ പുതുമയുള്ളവയാണ്.
കുന്ദേര പറയുന്നു: "എല്ലാ കാലത്തെയും എല്ലാ നോവലുകളും സ്വത്വത്തിന്റെ നിഗൂഢതകൾ അന്വേഷിക്കുന്നവയാണ്. നിങ്ങൾ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചു കഴിഞ്ഞ നേരിടേണ്ടിവരുന്ന ചോദ്യം, എന്താണ് ഇതിലെ ആത്മാവ്? എങ്ങനെ ഈ ആത്മാവിനെ ഗ്രഹിക്കാം എന്നതാവാം. ഇതാണ് നോവലിലെ അടിസ്ഥാനപരമായ ചോദ്യം. ഈ പ്രശ്‍നത്തോടുള്ള പ്രതികരണങ്ങൾ തേടുമ്പോൾ വ്യത്യസ്ത പ്രവണതകൾ, വിവിധ കാലങ്ങൾ എങ്ങിങ്ങനെ തരംതിരിക്കാം. നോവലിനെ ഇങ്ങനെ മനഃശാസ്ത്രപരമായ അപഗ്രഥിക്കുന്ന രീതി ആദ്യകാല യൂറോപ്യൻ കഥയെഴുത്തുകാരിൽ ഉണ്ടായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലെ ഇറ്റാലിയൻ എഴുത്തുകാരനായിരുന്ന ജിയോവനി ബൊക്കാച്ചിയോ, നമ്മോടു പങ്കുവെച്ചത് മനുഷ്യ പ്രവർത്തനങ്ങളും സാഹസങ്ങളുമായിരുന്നു. രസിപ്പിക്കുന്ന ആ കഥകളിലെ ഓരോ കഥാപാത്രങ്ങളും, മറ്റനേകം മനുഷ്യരുടെ സ്വാഭാവങ്ങളെ പ്രകാശനം ചെയ്യുന്നവയായിരുന്നു. ഡാന്റെ പറയുന്ന ഒരു കാര്യം, ഏതൊരു പ്രവർത്തനത്തിലും അത് നിർവ്വഹിക്കുന്ന ആളുടെ പ്രാഥമിക ലക്‌ഷ്യം അയാളുടെ സ്വത്വത്തെ വെളിപ്പെടുത്തുകയെന്നതാണ്. അതിനാൽ, ഏതൊരു കർമവും ചെയ്യുന്നയാളും, അയാളെ സ്വയം വരച്ചുകാണിക്കുകയാണ്."
ഈ പറയുന്ന പ്രകാരത്തിൽ സ്വത്വത്തിന്റെ പ്രകാശനങ്ങളായിരുന്നു മിലൻ കുന്ദേരയുടെ ഓരോ നോവലും. ജീവിതത്തിൽ വലിയ അന്യത്വം നേരിടേണ്ടി വന്ന എഴുത്തുകാരനായിരുന്നു കുന്ദേര. ജന്മനാടായ ചെക്കോസ്ളോവോക്യക്ക് നേരെ നടന്ന സോവിയറ്റ് അധിനിവേശത്തെ എതിർത്തതിന്റെ പേരിൽ, നാടുവിട്ടു ഫ്രാൻസിലേക്ക് പോവേണ്ടി വരികയും, ജീവിത കാലം മുഴുവൻ അവിടെ തുടരേണ്ടി വരികയും ചെയ്ത എഴുത്തുകാരൻ. ചെക്ക് ഭാഷയിൽ നിന്ന് എഴുത്ത് ക്രമേണ ഫ്രഞ്ചിലേക്ക് മാറ്റേണ്ടി വന്നയാൾ. നാടും ഭാഷയും ഉപേക്ഷിക്കേണ്ടിവന്നതോടെ, പിന്നീടുള്ള അദ്ദേഹത്തിൻറെ രചനകൾ, സ്വാനുഭവങ്ങളെ പലതരത്തിൽ പ്രകാശിപ്പിക്കുന്നവ ആയപ്പോഴും, നാടും ഭാഷയും ഉപേക്ഷിക്കേണ്ടി വന്ന അനേകായിരം മനുഷ്യരുടെ വ്യസന ജീവിതത്തിന്റെ പകർപ്പുകളായി അവ വായിക്കപ്പെട്ടു. അതിനാൽ കുന്ദേരയിൽ നമുക്ക് ഫലസ്തീനികളെ വായിക്കാനാകും, ബർമയിലെ മുസ്‌ലിംകളെ വായിക്കാനാകും, സിറിയയിൽ നിന്ന് ഓടിപ്പോകേണ്ടി വന്ന അഭയാർത്ഥികളെ കാണാനാകും.
പുസ്തകത്തിലെ 'പിറകിലെവിടെയോ' എന്ന അധ്യായത്തിൽ കുന്ദേര കുറിക്കുന്നു: "ഒരു പുസ്തകത്തിൽ എന്റെ സുഹൃത്ത് ജോസഫ് കോർക്കി ഈ കഥ വിശദീകരിക്കുന്നു: പ്രാഗിലെ ഒരു എൻജിനീയർ ലണ്ടനിൽ നടന്ന ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടു. ലണ്ടനിൽ പോയി, സമ്മേളനത്തിൽ പങ്കെടുത്തു, പ്രാഗിലേക്ക് തന്നെ തിരികെ വന്നു. ഓഫീസിലെത്തി കുറച്ചു കഴിഞ്ഞ ശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റുഡ് പ്രാവോ വായിക്കാനെടുത്തു. അതിലെയൊരു വാർത്ത ഇങ്ങനെയായിരുന്നു. 'ലണ്ടനിലെ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി ചെക്ക് എൻജിനീയർ പാർട്ടിയെ പറ്റി മോശം അഭിപ്രായം പറയുകയും, പടിഞ്ഞാറിൽ ജീവിതം തുടരാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ഒരു അഭിപ്രായം പ്രകടനം നടത്തുകയും, നിയമ വിരുദ്ധ എമിഗ്രെഷൻ നടത്തുകയും ചെയ്ത ഈ എൻജിനീയർ ഇരുപത് വർഷത്തെ തടവിന് അർഹനാണ്". വാർത്ത വായിച്ച എഞ്ചിനീയർക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. അത്തരം ഒരു അഭിപ്രായ പ്രകടനമേ അദ്ദേഹം നടത്തിയിരുന്നില്ല.
മുറിയിലേക്ക് അന്നേരം വന്ന സെക്രട്ടറി എൻജിനീയറെ അവിടെ കണ്ടു ഞെട്ടിപ്പോയി. "ദൈവമേ, നിങ്ങൾ തിരിച്ചുവന്നോ. എന്താണ് അവർ താങ്കളെക്കുറിച്ചു പാർട്ടി പാത്രത്തിൽ എഴുതിയതെന്നു കണ്ടോ! സെക്രട്ടറിയുടെ കണ്ണുകളിലെ ഭീതി എൻജിനീയർ കണ്ടു. ഉടനെ പാർട്ടി പത്ര ഓഫീസിലേക്ക് അദ്ദേഹം തിരിച്ചു. ആ വാർത്ത തയ്യാറാക്കിയ എഡിറ്ററെ അദ്ദേഹം കണ്ടു. എഡിറ്റർ മാപ്പുമൊഴിയോടെ പറഞ്ഞു: "ഇത്തരം ഒരു വാർത്തയിൽ എഡിറ്റർക്ക് ഒന്നും ചെയ്യാനാകില്ല. അത് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച വാർത്തയാണ്". ആഭ്യന്തര മന്ത്രാലയത്തിലെത്തിയ എഞ്ചിനീയറോട് അവിടെയിരിക്കുന്നവർ ക്ഷമാപണത്തോടെ പറഞ്ഞു: അന്ത്രാലയത്തിനു ഇതിൽ ഉത്തരവാദിത്തമില്ല. ലണ്ടനിലെ എംബസിയിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകിയ വിവരമാണ് ഇത്. വാർത്തക്കൊരു തിരുത്ത് നൽകാമോ എന്ന് ആരാഞ്ഞ എഞ്ചിനീയറോട് അവർ പറഞ്ഞു. അത് പറ്റില്ല. പക്ഷേ നിങ്ങൾക്കൊന്നും സംഭവിക്കില്ല. പേടിക്കേണ്ട എന്ന്.
പക്ഷേ, എൻജിനീയർ ശരിക്കും ആധിയിലായി. അദ്ദേഹം തുടർന്ന് മനസിലാക്കി, തന്റെ ഓരോ നിമിഷങ്ങളും അവർ നിരീക്ഷിക്കുന്നുണ്ടെന്ന്. ടെലഫോൺ കോളുകൾ നിരീക്ഷിക്കപ്പെടുന്നു. തെരുവിലൂടെ നടക്കുമ്പോൾ പിന്തുടരപ്പെടുന്നു. ഉറക്കം നഷ്ടപ്പെടുന്നു. അത്രയും സമ്മർദ്ദം താങ്ങാൻ കഴിയാതെ, ശരിക്കും നാടുവിടാൻ അദ്ദേഹം ആലോചിക്കുന്നു. അങ്ങനെ അദ്ദേഹം ഒരു യഥാർത്ഥ പ്രവാസി ആകുന്നു."
എങ്ങനെയാണ് ഭരണകൂടങ്ങൾ ജനങ്ങളെ പീഡിപ്പിക്കാൻ വാർത്തകൾ ഉണ്ടാക്കുന്നതെന്നും, അതിനു ഇരയായ മനുഷ്യർ ക്രൂരമായ വിധത്തിൽ ജീവിതത്തിൽ തുടർന്ന് പീഡിപ്പിക്കപ്പെടുന്നുവെന്നും ഈ കഥ വിവരിക്കുന്നു. ഇതിനെ 'കാഫ്കൻ' കഥപറച്ചില്ലെന്നാണ് മിലൻ കുന്ദേര വിവരിക്കുന്നത്. എന്താണ് 'കാഫ്കൻ' എന്ന് അദ്ദേഹം തുടർന്ന് വിശദീകരിക്കുന്നു. ഫ്രാൻസ് കാഫ്കയുടെ പ്രശസ്തമായ കഥാപാത്രം ജോസഫ് കെ എന്നയാൾ, അനുഭവിക്കുന്ന ഒരു പ്രതിസന്ധിയുണ്ട്. കോടതിയിൽ താൻ ചെയ്ത അപരാധം എന്തെന്ന് അറിയാതിരിക്കുകയും, അതിന്റെ പേരിൽ ജീവിതം മുഴുവൻ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു ഈ കഥാപാത്രം. സമാനമായി, മേൽപറയപ്പെട്ട യഥാർത്ഥ കഥയിലെ എൻജിനീയർക്കും മനസിലാകുന്നില്ല, ആരാണ് തനിക്കെതിരെ വ്യാജ വാർത്ത നൽകിയതെന്ന്. അതിന്റെ പേരിൽ ജീവിതം മുഴുവൻ പ്രയാസങ്ങളും നേരിടുന്നു.
ഇരുപതാം നൂറ്റാണ്ടു യൂറോപ്പ് കടുത്ത പ്രയാസങ്ങളിലൂടെ കടന്നു പോയ സമയമാണ്. കമ്മ്യൂണിറ്റ് ആധിപത്യം, രണ്ടു മഹായുദ്ധങ്ങൾ, നാസി ഭീകരതകൾ എന്നിവയെല്ലാം പലതരത്തിൽ മനുഷ്യരെ കഠിനമായി ബാധിച്ചു. മിലൻ കുന്ദേരയുടെ എഴുത്തുകൾ അങ്ങനെ വരുന്നതാണ്. അതിനാൽ കുന്ദേരയുടെ ഒരു രചനയും അദ്ദേഹത്തിൻറെ മാത്രം അനുഭവം ആയിരുന്നില്ല. സമാനമായ പതിനായിരങ്ങളുടെ അനുഭവങ്ങളായിരുന്നു. ചുറ്റുമുള്ളവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കാൻ അദ്ദേഹം അക്ഷരങ്ങൾ ഉപയോഗിച്ചു.
കവിതയെക്കുറിച്ചുള്ള, ചെക്ക് കവി ജാൻ ജാൻ സ്കാസലിന്റെ വരികൾ കുന്ദേര പുസ്തകത്തിൽ ഉദ്ധരിക്കുന്നു:
"കവികൾ കവിതയെ നിർമിക്കുന്നവരല്ല
കവിത പിറകിലെവിടെയോ ഉണ്ടായിരുന്നു
അതവിടെ കുറെകാലങ്ങളായി ഉണ്ടായിരുന്നു.
കവി അതിനെ കണ്ടെത്തുക മാത്രം ചെയ്യുന്നു."
നോവലിസ്റ്റ് എന്നാൽ, തങ്ങളുടെ കലാ വർക്കുകൾക്ക് പിറകിൽ അപ്രത്യക്ഷരാവുന്നവരാണ് എന്ന, ഫ്രഞ്ച് നോവലിസ്റ്റ് ഫ്ളോബറിന്റെ വാക്കുകൾ കുന്ദേര സ്വീകരിക്കുന്നു. രചനകൾക്ക് പിറകെ അപ്രത്യക്ഷരാവുക എന്ന് പറഞ്ഞാൽ, പൊതുജീവിതത്തിലെ പങ്കിനെ അവഗണിക്കുക എന്നതാണ്. എഴുത്തുകാരെക്കാളും മീതെയാണ് അവരുടെ കല എന്ന തത്വം. ഇന്നത്തെ കാലത്ത് അങ്ങനെ കലാകാരന് മറഞ്ഞു ജീവിക്കാൻ എളുപ്പമല്ല. ചെറിയ പ്രാധാന്യം ഒരു വർക്കിന് കൈവരുമ്പോഴേക്ക് അതിന് പിന്നിലെ കലാകാരനിലേക്ക് മാസ് മീഡിയ വരുന്നു. അതാവട്ടെ, കലാപരമായ വർക്കിനെ അപ്രധാനമാക്കുകയും, അതിന്റെ രൂപകർത്താവിനെ കൂടുതൽ ദൃശ്യമാക്കുകയും ചെയ്യുന്നു.
ജീവിതത്തിൽ തന്റെ ദൃശ്യപ്പെടലിനേക്കാളേറെ, തന്റെ കൃതികളുടെ ദൃശ്യപ്പെടലുകൾക്കായിരുന്നു കുന്ദേര പ്രാമുഖ്യം നൽകിയത്. അപൂർവ്വമായേ അദ്ദേഹം ഇന്റർവ്യൂകൾ നൽകുകയും പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തുള്ളൂ. കുന്ദേരയെ വായിക്കുക എന്നാൽ, ഇരുപതാം നൂറ്റാണ്ടിലെ സൂക്ഷ്‌മ മൗലികത പ്രകടിപ്പിച്ച എഴുത്തുകാരനെ വായിക്കുക എന്നതാണ്.