13/06/2020
ബഹുമാനപ്പെട്ട നാട്ടുകാരോട് ഈ നാട്ടിലെ ഓരോ സ്വകാര്യ ബസ് ജീവനക്കാരനും പറയാനുള്ളത്....
ഇനി മുതൽ അമ്പലത്തിലെ ഉത്സവം, ക്ലബ്ബിന്റെ വാർഷികഘോഷം, അടുത്ത തോട്ടിലെ വള്ളംകളി, ആരാണ്ടു ചത്തുപോയ പ്രമുഖന്റെ അനുസ്മരണസമ്മേളനം... ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടിയും... സിപിഎം, സിപിഐ, കോൺഗ്രസ്, കേരള കോൺഗ്രെസ്, ബിജെപി, മുസ്ലിംലീഗ്, തുടങ്ങി ഒരു രാഷ്ട്രീയപാർട്ടിയുടെയും എന്ത് പരിപാടിക്കും.... സി ഐ ടി യു, എ ഐ ടി യു സി, ഐ എൻ ടി യു സി, ബി എം എസ്, എസ് ടി യു.... തുടങ്ങിയ തൊഴിലാളി ഉദ്ധാരണ പ്രസ്ഥാനങ്ങളുടെ ചാവടിയന്തിരത്തിനുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് വേണ്ടിയും പിരിവിനു വേണ്ടി സ്വകാര്യ ബസുകളിൽ കേറി ഇറങ്ങി നിരങ്ങേണ്ട ആവിശ്യമില്ല.. ആത്മഭിമാനമുള്ള ഒരാളും പത്തുപൈസ പിരിവ് നിങ്ങൾക്ക് തരില്ല....
ഈ കഴിഞ്ഞ എൺപത് ദിവസങ്ങളായി ഈ കേരളത്തിലെ ഓരോ സ്വകാര്യബസ് ജീവനക്കാരന്റെയും കുടുംബങ്ങൾ എങ്ങനെയാണു കഴിഞ്ഞതെന്നു ഈ പിരിവിനായി വരുന്ന ഏതെങ്കിലും ഒരുത്തൻ അന്വേഷിച്ചോ...?
ക്ഷേമനിധിയുള്ള ഓരോരുത്തർക്കും 5000 രൂപ ധനസഹായം... ബഹുമാനപ്പെട്ട എൽഡിഫ് സർക്കാരിനോട് ഒരു ചോദ്യം....?
ഈ നാട്ടിലെ 95% സ്വകാര്യബസ് ജീവനക്കാർക്കും ക്ഷേമനിധി ഇല്ല എന്നറിഞ്ഞു കൊണ്ട് നിങ്ങൾ ഒരുക്കിയ നാടകം... അല്ലെങ്കിൽ മുടങ്ങാതെ ക്ഷേമനിധി വിഹിതം അടക്കുന്ന മുതലാളിമാർ... തങ്ങൾ പറയുന്ന 3 തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കണം എന്ന് പറഞ്ഞിട്ട് സർക്കാർ മുഖം തിരിച്ചു കളഞ്ഞതെന്തേ....?
ഉത്തരം ഉണ്ടാവില്ല..... കാരണം സ്വകാര്യബസ് ജീവനക്കാർ സർക്കാരിന്റെ കണക്കിൽ മൂന്നാംകിട മനുഷ്യർ മാത്രമാണ്... അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ കെ ശശിദ്രനും ഇത്രയ്ക്കു അസഹിഷ്ണുതയോടെ സ്വകാര്യബസ് മേഖലയോട് ഇങ്ങനെ പെരുമാറില്ല...
ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 3 മാസത്തെ വാടക കൊടുക്കണ്ട എന്നതടക്കം ഒരുപാട് മേഖലകളിൽ ഇളവ് നൽകിയ സർക്കാർ അവരോട് പറഞ്ഞത് ഒരു ഐ ടി ജീവനക്കാരന് പോലും ജോലി നഷ്ടമാകാൻ ഇടവരരുത് എന്നാണ്... ബഹുമാനപ്പെട്ട പിണറായി സഖാവ് ഒരു സ്വകര്യബസ് ജീവനക്കാരന് പോലും ജോലി നഷ്ടമാകാൻ ഇടവരരുത് എന്ന് ഒരു വാർത്ത സമ്മേളനത്തിലും പറഞ്ഞു കേട്ടിട്ടില്ല....
ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ tax ഒഴിവാക്കി കൊടുത്തു സ്വകാര്യബസ് മേഖലക്ക്... നല്ല കാര്യം... ഞാനും അഭിനധിക്കുന്നു... പക്ഷെ ഏപ്രിൽ മെയ് മാസങ്ങളിൽ കേരളത്തിലെ 12000 ത്തോളം വരുന്ന സ്വകര്യബസുകൾ ജി ഫോം...അതായത് ഓരോ ബസിനും 500 രൂപ വീതം ഫീസ് അടച്ചു ഗാരേജ് ഫോം ചെയ്തു കേറ്റിയിട്ടിരിക്കുകയായിരുന്നു... ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവീസ് നടത്താൻ സാധിക്കാത്ത സ്വകാര്യബസ് മേഖലക്ക് ഒരു ഇളവും ആദ്യം പ്രഖ്യാപിച്ചില്ല... പകരം 95% ബസുകളും 500 രൂപ ഫീസ് അടച്ചു ജി ഫോം ചെയ്തു കേറ്റിയിട്ട ശേഷം നികുതിയിളവ് പ്രഖ്യാപിച്ചു... ബഹുമാനപ്പെട്ട മുഖ്യമന്ത്രി... അത് നിങ്ങൾ ചെയ്തത് ഔധര്യമല്ല ഓരോ സ്വകാര്യബസിന്റെയും അവകാശമാണ്...
അതിനും നിങ്ങൾ ഓരോ ബസിനും ഫീസ് ഇത്ര എന്ന രീതിയിൽ സർക്കാർ ഖാജനാവിലേക്ക് അടപ്പിച്ചു...
3 ദിവസം കൊണ്ട് അഞ്ചരകോടിയിലകം ksrtc ക്ക് നഷ്ടമുണ്ടായി എന്ന് പറഞ്ഞ ബഹുമാനപ്പെട്ട ഗതാഗതമന്ത്രി പറഞ്ഞത്.... സ്വകര്യബസ് മുതലാളിമാരും നഷ്ട്ടം സഹിക്കണം എന്നാണ്....
ബഹുമാനപ്പെട്ട മന്ത്രിസാറെ.... താങ്കൾ ഒരു കാര്യം കൂടി വ്യക്തമാക്കണം... നിലവിൽ ഡീസൽ വില 70 രൂപയാണ്... ksrtc ക്ക് എത്ര രൂപയ്ക്കാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡീസൽ തരുന്നത്... അതിൽ കേരളസർക്കർ ഈടാക്കുന്ന tax എത്രയാണ്... ഉത്തരം ഉണ്ടാകില്ല സാർ....50 രൂപക്ക് താഴെ ഡീസൽ ലഭിക്കുന്ന ksrtc 3 ദിവസം കൊണ്ട് അഞ്ചരക്കോടി നഷ്ടമുണ്ടാക്കുന്നു എന്ന് അങ്ങ് തന്നെ പ്രഖ്യാപിച്ച നിലക്ക് ഒന്ന് ചോദിച്ചോട്ടെ .. ഈ പ്രേത്യേക സാഹചര്യത്തിൽ ഓരോ ലിറ്റർ ഡീസലിന് മേലും 28% നികുതി ഈടാക്കുന്ന സംസ്ഥാന സർക്കാരിന് അതിന്റെ പകുതി.... അതായത് 14% നികുതി ഒഴിവാക്കി സ്വകാര്യബസകൾക്ക് ഡീസൽ നൽകി മിനിമം 8 രൂപക്ക് സർവീസ് നടത്തു എന്ന് പറയാൻ ആർജവം ഉണ്ടോ.. ഒപ്പം ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ... മാസത്തിലെ tax കൂടി ഒഴിവാക്കി കൊടുക്കുക..സ്വകര്യബസ് ഉടമകൾ ആരും ലാഭം ആഗ്രഹിക്കുന്നില്ല പ്രിയപ്പെട്ട മന്ത്രിമാരെ വണ്ടി ഓടാൻ ആവിശ്യമായ ചെലവെങ്കിലും കിട്ടിപ്പോട്ടെ എന്നാണ് അവർ ആഗ്രഹിക്കുന്നത്... അങ്ങനെയാണെങ്കിൽ അവർ സർവീസ് നടത്താൻ തയ്യാറാണ്...
അങ്ങ് പറഞ്ഞു ksrtc നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത് എന്ന്... അങ്ങയുടെ തറവാട്ട് സ്വത്തിൽ നിന്നോ... ജനപ്രതിനിധി എന്നനിലയിൽ അങ്ങ് കൈ പറ്റുന്ന ഭീമമായ ശമ്പളത്തിൽ നിന്നോ അലവൻസിൽ നിന്നോ പത്ത് പൈസ ഈ നഷ്ടത്തിലേക്ക് കൂട്ടിച്ചേർക്കുന്നുണ്ടോ...? Ksrtc എംഡി, ചെയർമാൻ, ജീവനക്കാർ... അങ്ങനെ ആരെങ്കിലും... ഈ നഷ്ടം സ്വന്തം കുടുംബത്തിൽ നിന്നോ തറവാട്ട് സ്വത്തിൽ നിന്നോ വഹിക്കാൻ തയ്യാറാണോ...?
ഇല്ല... പിന്നെ സ്വകര്യബസ് മുതലാളിമാരും ജീവനക്കാരും അവരുടെ കുടുംബത്തിൽ നിന്നും എടുത്ത് കൊണ്ട് വന്നു ജനങ്ങളെ സേവിക്കണം എന്ന് പറയാൻ അല്പം ഉളുപ്പ്....?
ബഹുമാനപ്പെട്ട ഗതാഗതമന്ത്രി.... ഈ നാട്ടിൽ ലോക്ക് ഡൗൺ തുടങ്ങിയ കാലം തുടങ്ങി സർവീസ് നടത്തിയ സ്വകാര്യബസിലെ ജീവനക്കാർ... രാവിലെ 5 മണി തുടങ്ങി രാത്രി 8 മണി 9 മണി വരെ നീളുന്ന ജോലിക്ക് മേടിക്കുന്ന കൂലി 450 രൂപ മുതൽ 600 രൂപ വരെയാണ് സാർ... ഒരു യൂണിയനും അതെ കുറിച്ച് സംസാരിക്കാൻ വന്നിട്ടില്ല... വരില്ല സാർ.. കാരണം അവസ്ഥ ഞങ്ങൾക്കും അറിയാം. ഏതെങ്കിലും ksrtc ജീവനക്കാരന് ഡ്യൂട്ടി എടുത്തിട്ടു പകുതി ശമ്പളം അങ്ങ് കൊടുത്തിട്ടുണ്ടോ....?
ഇല്ല സാർ.... ജോലി എടുക്കാത്തവർക്ക് പോലും മുഴുവൻ ശമ്പളമാണ്..... ഞങ്ങൾക്ക് പരാതിയില്ല ബഹുമാനപ്പെട്ട അധികാരികളെ... പക്ഷെ ഉള്ള കഞ്ഞിയിൽ പോലും മണ്ണ് വാരി ഇടരുത്... ലാഭം വേണ്ട.. നഷ്ടം ഇല്ലാതെ സർവീസ് നടത്താൻ സ്വകാര്യബസ് മുതലാളിമാരെ അനുവദിക്കുക... ജീവനക്കർ പകുതി ശമ്പളത്തിനായാലും പണിയെടുക്കാൻ തയ്യാറാണ്...
ഇനി ഒന്നോ രണ്ടോ ജീവൻ ഒരുമുഴം കയറിൽ തൂങ്ങിയാലേ സഖാവ് പിണറായി വിജയനും അദ്ദേഹത്തിന്റെ സംഘത്തിനും ബോധം വീഴു എന്നാണെങ്കിൽ.... അധികം കാത്തിരിക്കേണ്ടി വരില്ല...ഒന്നിന് പകരം ആയിരക്കണക്കിന് ജീവനുകൾ പൊലിയുന്നത് അധികം താമസിക്കാതെ കാണേണ്ടിവരും...
എറണാകുളം നഗരത്തിലെ ഒരു സ്വകാര്യബസ് ജീവനക്കാരനാണ് ഞാൻ.... ഓർമവെച്ച കാലം മുതൽ "ഇൻക്വിലാബ് സിന്ദാബാദ് " എന്ന് തുടങ്ങുന്ന മുദ്രവാക്ക്യം അല്ലാതെ മറ്റൊന്നും വിളിക്കാത്ത ആൾ... ഇനിയും പരിക്ഷിരിക്കരുത് സഖാവെ... മരണം അല്ലാതെ മറ്റൊന്നും മുന്നിലില്ല... ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മറ്റാരും ഇല്ല...അവസാനത്തെ അപേക്ഷയാണ്.. മാസം 6000 രൂപ വാടക കൊടുത്താണ് ഞാനും എന്റെ കുടുംബവും കഴിയുന്നത്... ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ല...
ആലപ്പുഴയിൽ കയർ മേഖലയിൽ പണിയെടുത്ത് കൊണ്ടിരുന്ന ആളാണ് ഞാൻ... അത് തകർന്നു... ജീവിക്കാനായി കൊച്ചി എന്ന മഹാനഗരത്തിലേക്ക് ജീവിതം പറിച്ചു നട്ടു.... ഈ മഹാനഗരത്തിലെ മഹാഭൂരിപക്ഷം വരുന്ന സ്വകര്യബസ് ജീവനക്കാരും അന്യജില്ലകളിൽ നിന്നും ജീവിതം കരുപിടിപ്പിക്കാൻ എത്തിയവരാണ്... ഇമേജ് വർധിപ്പിക്കാൻ പിണറായി വിജയൻ എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി അതിഥി തൊഴിലാളികൾ എന്ന് വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോട് കാണിക്കുന്നതിന്റെ പകുതി കരുതൽ ഞങ്ങളോട് കാണിച്ചാൽ മതി പ്രിയ സഖാവെ... അറുപത്തിനായിരത്തിലധികം വരുന്ന കുടുംബങ്ങൾ രക്ഷപ്പെടും...
ഓരോ ബഡ്ജറ്റിലും ksrtc പുനരുദ്ധാരണം എന്ന പേരിൽ നൂറ് കൊടിയും നൂറ്റമ്പത്ത് കോടിയും എഴുതി തള്ളുന്നത് പോലെ ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന കോടികൾ ഒന്നും ആവിശ്യപ്പെടുന്നില്ല... ജീവിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ് ആവശ്യപ്പെടുന്നത്... കേറി കിടക്കാൻ സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ല... കേന്ദ്ര - സംസ്ഥന സർക്കാരുകളുടെ ഒരുപാട് പദ്ധതികളിൽ അപേക്ഷിച്ചിട്ടുണ്ട്... കിട്ടിയില്ല. കാരണം നിങ്ങളുടെ മുൻഗണന പട്ടികയിൽ ഒന്നിലും പെട്ടിട്ടില്ല...
ഒന്നും വേണ്ട... ഒന്നും ആവിശ്യപ്പെടുന്നില്ല.... അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ ഉണ്ട്..... അതുങ്ങളെ പട്ടിണി കിടത്തതെ മുൻപോട്ടു പോകാനുള്ള ഒരു വഴിയെങ്കിലും ഒരുക്കി തരണം... കഴിഞ്ഞ പത്തൊൻപത് വര്ഷത്തിനിടക്കു് അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൽ മാത്രം കുത്തി ശീലിച്ചവനാണ് ഞാൻ... കൈ വിടില്ല എന്ന് പ്രതീക്ഷയുണ്ട്...
ഇനി എന്റെ പ്രിയപ്പെട്ട സഹപ്രവത്തകരോട് ഒരു കാര്യം...
ഒരു രാഷ്ട്രീയപാർട്ടിയോ... തൊഴിലാളി പ്രസ്ഥാനമോ നമ്മൾക്ക് വേണ്ടി ശബ്ദം ഉയർത്തിയില്ല.... ഒരാളുപോലും നമ്മുടെ വീട്ടിലെ പട്ടിണി അന്വേഷിച്ചില്ല... ഇനിയും നമ്മൾ പരമ്പരാഗതമായി പിന്തുണ്ടരുന്ന രാഷ്ട്രീയ വിശ്വാസങ്ങൾ വേണോ? നമ്മുടെ നിലനില്പിന്റെ രാഷ്ട്രീയം വേണോ?
ചിന്തിക്കേണ്ട വിഷയം ആണ്... ഇനിയും നമ്മൾ വൈകി കൂടാ... സിപിഎം നേതൃത്വം നൽകുന്ന ഇടത്പക്ഷമോ .... കോൺഗ്രസ് നേതൃത്വം നൽകുന്ന വലത്പക്ഷമോ.. ബിജെപി നേതൃത്വം നല്കുന്ന ദേശിയ പക്ഷമോ... ആരും.. ഒരാളും സ്വകാര്യബസ് ജീവനക്കാരനെ കുറിച്ചോ.. അവന്റെ കുടുംബത്തെ കുറിച്ചോ എവിടെയും സംസാരിച്ചു കേട്ടില്ല.... നമ്മുടെ അടുക്കൽ ഡെയിലി പിരിവിനു വരുന്ന ഒരു അമ്പലകമ്മിറ്റിക്കാരനും, ഒരു ക്ലബ് ഭാരവാഹിയും, ഒരു സന്നദ്ധപ്രവർത്തകനും, ഒരു തൊഴിലാളി യൂണിയനും നമ്മൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല...
ഇനിയും തമ്മിൽ തല്ലണോ ഇവനൊക്കെ വേണ്ടി..... ഇനിയും കുതികാൽ വെട്ടണോ...? ചിന്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്... നമ്മൾക്ക് നമ്മൾ മാത്രമേയുള്ളു... ആരുമില്ല നമ്മൾക്ക് വേണ്ടി സംസാരിക്കാൻ.. ഈ പോസ്റ്റ് ശരിയെന്നു തോന്നുന്ന നിങ്ങൾ ഓരോരുത്തരും ഇത് ഷെയർ ചെയ്യണം... ഓരോ സ്വകര്യബസ് ജീവനക്കാരനും സ്വന്തം അവസ്ഥ തിരിച്ചറിയണം.....
നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു... നമ്മുടെ കുടുംബത്തിന്റെ ഭാവിക്കായി നമ്മൾ തന്നെ മുന്നിട്ടറങ്ങണം.... രാഷ്ട്രീയം നോക്കാതെ... ജാതിയും മതവും നോക്കാതെ... നമ്മൾ നമ്മൾക്ക് വേണ്ടി ഐക്യത്തോടെ നിലകൊള്ളെണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്നു ബോധ്യമുള്ളമർ ഷെയർ ചെയ്യുക...കോടതികൾ പോലും നമ്മളെ കൈ വിട്ടിരിക്കുന്നു... ഈ മണ്ണിൽ ജീവിക്കാൻ ഒരൊറ്റ മനസ്സായി ഓരോ സ്വകര്യബസ് ജീവനക്കാരനും ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ഇനി നിങ്ങൾ ചിന്തിക്കുക...ശരിയെന്നു തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുക....
വിശ്വാസപൂർവം.....
ഒരു സ്വകാര്യബസ് ജീവനക്കാരൻ...