21/12/2024
ഒരു ബസ് എന്തുകൊണ്ട് ഒരു നാടിന് ഇത്രമേൽ പ്രിയപ്പെട്ടതാകുന്നു എന്ന് ഈ ചിത്രങ്ങൾ സംസാരിക്കും... ഒരു ബസിനെ ഒരു നാട് എത്ര മാത്രം കരുതലോടെയാണ് കാണുന്നതെന്ന്..!❣️
കൊന്നക്കാട് എന്ന സ്ഥല നാമത്തിനെ മാലോകരറിയുന്നതിൽ സൂപ്പർ ബസിൽ വെച്ച ബോർഡിനും വലിയ പങ്കുണ്ട്..സൂപ്പർ ബസ് കൊന്നക്കാട് നിന്നും കാഞ്ഞങ്ങാടെക്ക് പോകുന്നതും വരുന്നതുമായിരുന്നു ഒരു കാലത്ത് മലയോരത്തിന്റെ ജീവിത ക്രമം .. രാവിലെ സൂപ്പറിന് കാഞ്ഞങ്ങാട് പോയി വേണ്ട കാര്യങ്ങൾ ഒക്കെ പൂർത്തിയാക്കി സൂപ്പർ ബസിൽ മടങ്ങുന്ന രീതി.. ബസിൽ യാത്രക്കാർക്കൊപ്പo തന്നെ മലയോരത്തു വിളയുന്ന കാർഷിക ഉൽപ്പന്നങ്ങളും ഇടം പിടിക്കും.. കുന്നോളം സ്വപ്നങ്ങളുള്ള മലയോര കർഷകന്റെ മാസങ്ങളുടെയും വർഷങ്ങളുടെയും വിയർപ്പിന്റെ മണമുള്ള ഉൾപ്പന്നങ്ങളും, നാണ്യ വിളകളും സൂപ്പറിനൊപ്പം മലയിറങ്ങും..മണ്ണിൽ വിളഞ്ഞതൊക്ക വിറ്റു പെറുക്കി കിട്ടിയ കാശിന് ആവശ്യ സാധങ്ങളും വാങ്ങി ബാക്കി പണവുമായുള്ള മടക്കം..അരിയും പച്ചക്കറിയും മുതൽ ഉണക്ക മീൻ വരെ സൂപ്പർ ബസിൽ ആയിരുന്നു..കൊന്നക്കാടെക്കും,വെള്ളരിക്കുണ്ട്, മലോം, വള്ളിക്കടവ് പ്രദേശങ്ങളിൽ എത്തിച്ചിരുന്നത്.. വിദ്യാർത്ഥികളുടെ തലയെണ്ണിയായിരുന്നില്ല ബസിൽ കയറ്റിയിരുന്നത്.. യാത്രയിൽ വിദ്യാർത്ഥികൾ സീറ്റിൽ ഇരുന്നാൽ ആരും നെറ്റി ചുളിച്ചിരുന്നില്ല..ഇന്നിപ്പോൾ കൊന്നക്കാട് ബോർഡ് വെച്ച് കുമളിയിൽ നിന്നും, കോട്ടയത്ത് നിന്നും, മുണ്ടക്കയത്ത് നിന്നും നിരവധി ബസുകളുണ്ട്..ഓർഡിനറിയും, ലിമിറ്റട് സ്റ്റോപ്പും, ഫാസ്റ്റ് പാസഞ്ചറും, സൂപ്പർ ഫാസ്റ്റും ഒക്കെ ബോർഡിന്റെ വശത്തെ വട്ടത്തിൽ സ്ഥാനം പിടിക്കും..ഇതൊന്നും ഇല്ലാതിരുന്ന കാലമുണ്ട്.. ഓർമ്മകൾ ചിതലരിക്കാത്ത, ചരിത്രം മറക്കാത്ത തലമുറ നന്ദിയോടെ ഓർക്കും 45 വർഷത്തോളമായി സൂപ്പർ ബസും അതിന്റെ ഉടമസ്ഥൻ യുസഫിച്ചയും, ബസിലെ തൊഴിലാളികളും ചെയ്ത സേവങ്ങൾ.. സൂപ്പർ ബസിലെ കണ്ടക്ടർ ആയിരുന്ന കണ്ണേട്ടൻ ജില്ലയിലെ തന്നെ ഏറ്റവും നല്ല കണ്ടക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൂടിയാണ്.. കുറെ കാലം സൂപ്പർ ഓടിച്ച ചന്ദുവേട്ടന്റെ ഓർമ്മകളും നമ്മോടൊപ്പമുണ്ട്..സൂപ്പറിന് ശേഷം കൊന്നക്കാടെക്ക് ഓട്ടം തുടങ്ങിയ വമ്പൻമാർ പോലും കളമൊഴിഞ്ഞു.. കണ്ണൂർ കാരുടെ ആനന്ദ് കൃഷ്ണയും, എൻ. സി. എസ്.ബസും ചരിത്രത്തിനൊപ്പo ഓർക്കേണ്ടതാണ് ..മുട്ടോo കടവിലേക്ക് സർവീസ് നടത്തിയ മിത്താലിയും, മൈക്കയo പെർമിറ്റ് ഉണ്ടായിരുന്ന എവറസ്റ്റ് ബസും എത്ര പേർക്ക് ഓർമ്മയുണ്ടെന്നറിയില്ല.. ഇടക്ക് വന്നുപോയ ഗൗതം ബസ് വേഗത കൊണ്ട് ഓർമ്മിക്കപ്പെടും..അൽ അമീനും, ഷാനവാസ് ബസും ഏറെ കാലം കൊന്നക്കാട് കാഞ്ഞങ്ങാട് റൂട്ടിൽ ഓടിയ ബസുകളാണ്... കാലത്തിന്റെ കുത്തൊഴുക്കിൽ ആ പേരുകളും അപ്രത്യക്ഷമായി..കാലമെത്ര കഴിഞ്ഞാലും സൂപ്പർ ബസ് കാഞ്ഞങ്ങാട് കൊന്നക്കാട് റൂട്ടിൽ നിറയെ യാത്രക്കാരുമായി ഉണ്ടാകുമെന്ന് ഉറപ്പുണ്ട്.. സ്നേഹം കൊണ്ട് ഇങ്ങനെ ചേർത്ത് പിടിക്കാൻ നാട്ടുകാരും...
ഭംഗിയുള്ള ചിത്രങ്ങൾ അയച്ചു തന്ന പ്രിയപ്പെട്ട ബാബു ചേട്ടനും നന്ദി ❣️
📷 Babu Rinju 💙
Darlin George Kadavan ❤️